Tuesday, June 10, 2014

മഴ പെയ്യുമ്പോള്‍

 കടുത്ത വേനല്‍ക്കാലത്തിന്‍റെ
പരിഭവങ്ങള്‍ എണ്ണിപ്പറഞ്ഞ്
കറുത്തിരുണ്ട മേഘങ്ങള്‍
പെയ്തു തുടങ്ങുകയായി...;

ആദ്യമാദ്യം ,ഇലയെത്തൊട്ട് ,
മണ്ണിനെ ചിരിപ്പിച്ച്..
പിന്നെപ്പിന്നെ, ആര്‍ത്തലച്ച്
പുഴയോളവും,
ഒരു കടല്‍ നിറയുവോളവും...!

ഏറെ മുന്‍പ്‌,
എന്‍റെ പുള്ളിക്കുടയില്‍
നുണക്കുഴികള്‍ തീര്‍ത്ത്,
കുണുങ്ങി കുണുങ്ങി പെയ്യവേ
അത്ഭുതമായിരുന്നു ..;
ആലിപ്പഴം പൊഴിക്കുന്ന
കൌതുകമായിരുന്നു ...!

മഴയെ അത്രയേറെ സ്നേഹിച്ചത്
അന്നായിരുന്നു,
അവളെനിക്ക്
മഴയല്ലാതെ മറ്റാരുമല്ലെന്ന്
തിരിച്ചറിഞ്ഞ ദിവസങ്ങളില്‍ ...!

ജീവിതം മഴ പോലെ പെയ്യില്ലെന്നും
പുഴ പോലെ ഒഴുകില്ലെന്നും
തിരിച്ചറിഞ്ഞ കാലത്ത്,
വഴിമുടക്കാന്‍ പെയ്ത മഴയെ
ശപിച്ചു പോയിട്ടുണ്ട്,
"ഈ നശിച്ച മഴ!"

ശ്വാസവേഗങ്ങള്‍ക്ക് കൂട്ടായവളെ,
ഇടിവെട്ടിച്ച്,
ഇത്രയേറെ ഭയപ്പെടുത്തിയ മഴയോട്,
ഗാഡാലിംഗനങ്ങളുടെ ഇടവേളകളില്‍
കണ്ണിറുക്കിക്കാണിച്ച്
നന്ദി പറഞ്ഞിട്ടുമുണ്ട് ...!

മഴവില്ലിന്‍റെ നാട്ടിലേക്ക്
ആദ്യമവള്‍ യാത്രയായപ്പോള്‍,
സാന്ത്വനിപ്പിക്കാന്‍ പെയ്ത മഴ,
മേഘവീഥികളിലേക്ക്
എന്നെയും ക്ഷണിക്കുകയാണോ ?

ഓരോ മഴവില്ലിനൊപ്പവും
അവള്‍ തെളിയാറുണ്ട്..!
ഇപ്പോഴും,
എന്‍റെ സ്നേഹത്താല്‍
ആ കണ്ണുകള്‍ നിറയാറുമുണ്ട്...!

നീയെന്‍റെ മഴ,
മഴയല്ലാതെ നീയെനിക്ക്
മറ്റാരാണ്‌?

Friday, February 4, 2011

ഓട്ടോഗ്രാഫ്

-->
ഇടനാഴിയില്‍  
മൌനങ്ങള്‍ തമ്മിലുരയുന്ന
ശബ്ദഘോഷങ്ങള്‍ ..;
പിടിവിട്ടിട്ടും  
കൈകളില്‍ തുടിക്കുന്ന
ഹസ്തദാനങ്ങള്‍ ..;
ഒരു ഗാഡാലിംഗനത്താല്‍ 
സ്വയം നഷ്ട്ടപ്പെടാന്‍ കൊതിക്കുന്ന
അരമതിലുകള്‍ ..;
ചെയ്തു തീര്‍ത്തതെല്ലാം 
ബാക്കി വെച്ചും,
ചെയ്യാനുള്ളത് 
താളുകളില്‍ പൊതിഞ്ഞെടുത്തും,
ഇന്ന് സെന്റോഫ്..!

എന്തേ,
നിന്റെ കണ്ണുകള്‍ക്ക്‌ 
മുനയൊടിഞ്ഞിരിക്കുന്നു?
എന്നും 
മറച്ചു വെച്ചു മാത്രം ശീലിച്ച 
പുഞ്ചിരികളുടെ
സഹികെട്ട കുത്തോഴുക്കിലോ,
അധരങ്ങള്‍ വിറയ്ക്കുന്നു?

ഞാന്‍ ഏറെ പറഞ്ഞു വെച്ചതും,
നീ പരിഭവങ്ങള്‍ കൊണ്ട് 
മൂടി വെച്ചതും,
ഒരേ നീതിശാസ്ത്രം
ഒരേ ഹൃദയതാളം..!

ഇപ്പോള്‍ 
നീയും വെച്ചു നീട്ടുകയാണ്,
ഔപചാരികതയുടെ
ഓട്ടോഗ്രാഫ് ..!

പിരിയുമ്പോള്‍ പറയാനുള്ള 
വാക്കുകള്‍ മാത്രം
ഞാന്‍ മെനഞ്ഞെടുത്തിട്ടില്ലെന്നു 
നീയറിയാതെ പോയി..!

ബഹളങ്ങളെ പിന്നിലാക്കി,
ഒരു വാക്ക് പോലും എഴുതാതെ
തിരിഞ്ഞു നടക്കവേ,
ഞെരിഞ്ഞമര്‍ന്ന വാഗ്ദാനങ്ങളുടെ
നേരിയ തേങ്ങലിനിടയില്‍ 
കാതോര്‍ത്തത്‌
മൌനത്തിന്റെ ഒരു പിന്‍വിളി മാത്രം!

നാളെ ,
പൊടി തട്ടിയെടുകുന്ന
നനുത്ത താളുകളില്‍ ഒതുങ്ങാന്‍ ..!
ഇല്ല,
ഞാനെഴുതില്ല, ഒന്നും...!

Tuesday, December 14, 2010

നീയെന്‍റെ മഴ

ഇറവെള്ളത്തിലൊഴുക്കിയ 
ഏതോ കളിത്തോണിയില്‍ 
നീ തന്ന ഓര്‍മ്മകള്‍ക്കൊപ്പം, 
ഞാന്‍ എന്നെയും 
മറന്ന് വെച്ചിരുന്നു....!

എന്റെ ഇടനാഴിയില്‍ 
വീണ്ടും മഴയുടെ 
കാലൊച്ച മുഴങ്ങുകയാണ്..!

എഴുനിറങ്ങള്‍ കലങ്ങിയൊലിച്ചു 
പെയ്തു തുടങ്ങുകയായി, 
മഴ...!

മഴയ്ക്ക് പുറകെ, 
ചെമ്മാനം പൂത്ത 
ഒരു സായംസന്ധ്യയില്‍ 
ആദ്യം നാം കണ്ടുമുട്ടി...;

പിന്നെ, 
വേലിപ്പടര്‍പ്പില്‍ 
പച്ച നിറത്തില്‍ തിമിര്‍ത്തു പെയ്യവേ, 
ശ്വാസമടക്കി, 
അന്യോന്യം പുണര്‍ന്നു നിന്നു.

മാമരങ്ങള്‍ക്ക് കീഴെ
കൈകോര്‍ത്തു നടക്കവേ, 
ചാരനിറത്തില്‍ പെയ്തു.

കാറ്റ് കവര്‍ന്ന , 
എന്റെ കമഴ്ത്തിയ കുടയ്ക്കുള്ളില്‍
നുണക്കുഴികള്‍ തീര്‍ത്തു.

ഇരുട്ട് പുരണ്ട മഴ..;
ഇടവഴിച്ചുമരില്‍ ചാരി
ഒരു ചുടു നിശ്വാസം 
കവിളില്‍ പരത്തി, 
എന്റെ ചുണ്ടിലും പെയ്തു.

ഇപ്പോഴും, 
എന്റെ സ്നേഹത്താല്‍ 
നിന്റെ കണ്ണുകള്‍ 
നിറയാറുണ്ട്.

അതില്‍ 
ഞാന്‍ സ്വയം
നഷ്ടപ്പെടാറുമുണ്ട് .

നീയെന്റെമഴ, 
മഴയല്ലാതെ 
നീയെനിക്ക് 
മറ്റാരാണ്?

Tuesday, November 30, 2010

കലണ്ടര്‍         


നിറങ്ങളും നിറഭേദങ്ങളും നിറഞ്ഞ
ഏദന്‍ തോട്ടങ്ങളെക്കുറിച്ചറിയുന്നതിന്
ഏറെ മുന്‍പ്‌ ,
ചുവന്നും കറുത്തും മാത്രമിരുന്ന
അക്കങ്ങളെ കിനാകണ്ട്
ഗര്‍ഭപാത്രത്തിന്‍റെ
കറുത്ത ചുവരുകളില്‍ നോക്കി
അവന്‍ ചുരുണ്ട് കിടന്നു.

വലിയ വേദനയുടെ,
ചെറിയ കരച്ചിലിന്റെ അകമ്പടിയോടെ
ഒരു കറുത്ത അക്കത്തില്‍
അവന്‍ വെളുത്ത ആകാശം കണ്ടു.

സ്ലേറ്റിലെ വെളുത്ത അക്കങ്ങളെ
കടലാസിലെ നീല കണക്കുകളാക്കി മാറ്റിയ
സമയമാപിനികളെ,
മഴയെ തന്നില്‍ നിന്നും അകറ്റിയ
ഓട്ടു മേല്ക്കൂരയ്ക്കു കീഴെ നിന്ന്
അവന്‍ വെറുത്തു.

ചുവന്ന അക്കങ്ങള്‍......;
മരണം കാത്തു കിടന്ന ശലഭത്തിനു
പുഷ്പശയ്യയൊരുക്കി,
മഴവില്‍ നിറങ്ങള്‍ കലങ്ങി ഒലിച്ച
വെളുപ്പില്‍ കുളിച്ച്,
സ്വപ്നങ്ങളെയും സ്വപ്നഭംഗങ്ങളെയും മറന്ന്,
കൂടിനുള്ളില്‍ ചുവന്ന അക്കങ്ങള്‍ക്കായി
അവന്‍ തപസ്സിരുന്നു.

പ്രണയവും വിരഹവും സന്ധ്യയും കുങ്കുമവും
ചുംബനവും ചുവപ്പായിരുന്നു.

പ്രക്ഷുബ്ദമായ വേനലിലൊരു നാള്‍,
താളുകളിലെ ചുവപ്പും കറുപ്പും
കണ്ണുപൊത്തിക്കളി തുടങ്ങി.

ഉച്ച്സൂര്യന്റെ വെളിച്ചത്തില്‍
വീണ്ടും മരീചികകള്‍,
കണ്ടും കാണാതെയും!

തണുത്ത മണല്‍ വിരിപ്പില്‍
കറുത്ത കടലും നോക്കി നില്ക്കുമ്പോള്‍,
ആയുസ്സിന്റെ ചുവപ്പ് കുത്തിയൊലിച്ച്
അവസാനത്തെ അസ്തമയം തീര്‍ത്തു .

Monday, June 28, 2010

നിഴലനക്കങ്ങള്‍

അവള്‍ക്ക് അത്ര പ്രിയങ്കരമായത് കൊണ്ടാണ്
അയാള്‍ നിഴലിനെ ശ്രദ്ധിച്ചു തുടങ്ങിയത്..;
പ്രഭാതങ്ങളില്‍,അവനില്‍ നിന്നകന്ന്
വിളറി വെളുത്ത നിഴല്‍ നീണ്ടു പോയി..,;

മധ്യഹ്നങ്ങളില്‍,
വെയിലിനോട് ഇണ ചേര്‍ന്ന്
മണല്‍ വിരിപ്പില്‍ പ്രണയ കവിതകള്‍ രചിച്ചു..;

സായാഹ്നങ്ങളില്‍,
വളരാതിരിക്കാന്‍ ആഗ്രഹിച്ച്
ഒഴിഞ്ഞ ചായ കോപ്പകള്‍ക്കു കീഴെ പതിയിരുന്നു..;

നിലാവ് പെയ്തപ്പോഴൊക്കെ,
രാത്രി മഴയോടൊപ്പം
ജലപ്പരപ്പില്‍ നുണക്കുഴികള്‍ വിരിയിച്ചു..,

ആകാശങ്ങളില്‍
അരിപ്പദ്വാരങ്ങള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍
നിഴല്‍ വെയിലായി മാറിയത് അവനറിഞ്ഞു..;

തലക്കെട്ടെഴുതി അടിവരയിട്ട്,
ആരോ ഉപേക്ഷിച്ച അക്ഷരങ്ങളുടെ
നിഴലാവാന്‍ തുടങ്ങിയതു മുതല്‍

അവന്‍ ദേവാംഗണങ്ങളില്‍ നിന്ന് അന്യനായി ;
അവള്‍...!
മറ്റാരുടെയോ നിഴലായി..!

അതെ,
അവള്‍ക്ക് അത്ര പ്രിയങ്കരമായത് കൊണ്ടാണ്
അയാള്‍ നിഴലിനെ ശ്രദ്ധിച്ചു തുടങ്ങിയത്..!

Monday, June 21, 2010

........പറയാതെ പോയവള്‍ക്കായ്.........

പഞ്ചമി ചന്ദ്ര, നുറഞ്ഞു പോയ്‌, നെഞ്ചിലെ-
ച്ചെങ്കനല്‍ ചിന്തിന്‍ ചുടു കുഴിയില്‍...;
നിന്‍ കിളിക്കൊഞ്ചലും മാഞ്ഞു, വെന്നുള്ളിലെ
മണ്‍ ചിരാതിന്‍ നിലാക്കണ്ണടഞ്ഞു ...!

പഴിയായിയെങ്കിലുമൊരു വാക്കു മിണ്ടുമോ,
പഴയ കാലത്തിന്‍റെ കൂട്ടുകാരീ..?
പടവാളു പോ, ലെന്നിലുരയുന്നു, നിന്‍റെയീ ,
പറയാതെ വയ്ക്കും പരിഭവങ്ങള്‍...!

നേത്രശരമെയ്തിടഞ്ഞ ക്ലാസ്‌ റൂമിലെ,
നേര്‍ത്ത നിശബ്ദ നിമിഷങ്ങളില്‍..;
ഒളികണ്ണു കാണുമീ ശൂന്യത, ശൂന്യത-
യെന്നെ വിഴുങ്ങുന്നു നിഷ്കരുണം..!

തമ്മിലറിഞ്ഞോ അറിയാതെയോ, വാക്കു
തമ്മിലുര, ഞ്ഞിട വേളകളില്‍..,
ഇടിവാളു പോലെന്നിലുലയു, മേകാന്തമി-
ച്ചിമിഴില്‍, ഞാനെന്നിലൊളിച്ചിരിപ്പൂ..!

കളി പറഞ്ഞീ കുറുമ്പൊന്നു കാണാന്‍
കണ്ണില്‍ നോക്കി ഞാന്‍ നിന്ന നിലാവുകളില്‍..,
കരിമഷി തൂവുന്നു മൂവന്തി, യിടനെഞ്ചി-
ലിരുളുന്നു സന്ധ്യതന്‍ മേഘകാന്തി..!

പറയാന്‍ തുടിച്ചതേ കേള്‍ക്കാന്‍ കൊതിച്ചതെ-
ന്നറിയാതെ, പറയാത്ത രാവുകളില്‍..,
പറയുവാനൂര്‍ന്നെത്ര വാക്കുകള്‍, തൊണ്ടതന്‍
മുള്‍പ്പടര്‍പ്പില്‍ മൌനമായ്‌ കുരുങ്ങി...!

കൂട്ടരെ മുന്നില്‍ വി, ട്ടീ വരവും കാത്തു
കാത്തേറെ നിന്ന വരാന്തകളില്‍..,
ഞാനു , മെന്‍ നെഞ്ചിലമരുമീ പൂക്കളു-
മുള്ളില്‍ തഴുതിട്ട മോഹങ്ങളും..;

കൈകള്‍ കോര്‍ത്തില്ല നാ, മെങ്കിലും ചിന്തകള്‍
കോര്‍, ത്തേറെ നീണ്ട വഴിയരികില്‍..,
എന്നെ കടന്നു പോം പുലരിയും, പലകുറി-
യൊന്നായ്‌ തഴുകിയ വെയിലൊളിയും..,

അതിരറ്റു കാത്തിരിക്കുന്നു, നീയെവിടെയെ-
ന്നുയിരുറ്റ പിന്‍ നിലാ കൂട്ടുകാരീ...?
എവിടെയെന്‍ വാക്കുകളിടറി, യെന്‍ നോട്ട-
മതെവിടെ പിഴച്ചു, വെന്നോര്‍മ്മകളെ ..?

അലയാഴിയില്‍ ഞാനിനി തനിച്ചാകുന്നു, കാലമാം
തേരില്‍ നീ കയറുന്നു, പൊയ്ക്കളഞ്ഞു..!
പറയാതെ, യെന്‍ പിഴയെന്തെന്നു പറയാതെ,
പടിവാതില്‍ ചാരാതെ പോയ്‌ മറഞ്ഞു..

Saturday, June 19, 2010

.............ഞാനും നീയും............

ഞാന്‍,
വരാത്ത നിലാവിനെ കാത്തിരിക്കുന്ന ആമ്പല്‍ പൂ...;
കൊഴിഞ്ഞ സന്ധ്യകളുടെ കണക്കെടുത്ത്
സ്വയം പഴിക്കുന്ന കാവല്‍ക്കാരന്‍...;
കാലം തീരത്ത അഗ്നികുണ്ഡത്തില്‍
ആര്‍ക്കോ വേണ്ടി ദാഹിക്കുന്ന ഓക്ക് മരം...!

നീ,
കരിഞ്ഞ പുല്നാമ്പിനു പ്രതീക്ഷയുടെ മഞ്ഞു കാണാം...;
പൊഴിഞ്ഞ പൂവിന് പുലരിയുടെ അന്ത്യചുംബനം...;
ബലി മൃഗത്തിന് കരുണയുടെ തലോടല്‍...!

പക്ഷേ ,
രാപ്പകലുകല്‍ക്കിടയിലും കാണാം,
പുലരിയുടെ മൂടല്‍മഞ്ഞ്....;
മരുഭൂമിക്കും മഴക്കുമിടയില്‍,
വെറുതെയൊരു പര്‍വതം...;
പൂനിലാവില്‍ ഇരുളിന്‍റെ കണ്മഷി...!

ഇവിടെ,
നീയുരുകി വിളങ്ങി
നീ മാത്രമാകുന്നു....;
ഞാന്‍...!
കരിഞ്ഞു ഞെരിഞ്ഞു
ഞാനല്ലാതാവുന്നു...!

..............ഓട്ടോഗ്രാഫ്..........

ഇന്ന് സെന്‍റ് ഓഫ്‌ ,
യാന്ത്രികമായ ഹസ്തദാനങ്ങളില്‍ നിന്ന് മാറി,
കറുത്ത പുക തട്ടി നീറുന്ന മനസ്സുമായി ഞാന്‍...;
പെയ്തൊഴിഞ്ഞ കര്‍ക്കിടകത്തിന്‍റെ ഓര്‍മ്മകള്‍...
മിന്നലേറ്റു കരിഞ്ഞ പുല്നാമ്പിനെ
മഞ്ഞു തുള്ളി മറന്നു...!

നിന്‍റെ മുനയൊടിഞ്ഞ കണ്ണുകള്‍..;
പനിനീര്‍ മാത്രം വിടര്‍ന്ന കയ്യില്‍
ഔപചാരികതയുടെ ഓട്ടോഗ്രാഫ്...!

ബഹളങ്ങളെ പിന്നിലാക്കി,
ഒരു വാക്ക് പോലും എഴുതാതെ
തിരിഞ്ഞു നടക്കവേ...,
ഞെരിഞ്ഞമര്‍ന്ന വാഗ്ദാനങ്ങളുടെ
നേരിയ തെങ്ങളിനിടയില്‍
കേട്ടുവോ,
മൗനത്തിന്‍റെ പിന്‍ വിളി....?

നാളെ പൊടി തട്ടിയെടുക്കുന്ന
നനുത്ത താളുകളില്‍ ഒതുങ്ങാന്‍...,!
ഇല്ല,
ഞാനെഴുതില്ല, ഒന്നും...!