Tuesday, June 10, 2014

മഴ പെയ്യുമ്പോള്‍

 കടുത്ത വേനല്‍ക്കാലത്തിന്‍റെ
പരിഭവങ്ങള്‍ എണ്ണിപ്പറഞ്ഞ്
കറുത്തിരുണ്ട മേഘങ്ങള്‍
പെയ്തു തുടങ്ങുകയായി...;

ആദ്യമാദ്യം ,ഇലയെത്തൊട്ട് ,
മണ്ണിനെ ചിരിപ്പിച്ച്..
പിന്നെപ്പിന്നെ, ആര്‍ത്തലച്ച്
പുഴയോളവും,
ഒരു കടല്‍ നിറയുവോളവും...!

ഏറെ മുന്‍പ്‌,
എന്‍റെ പുള്ളിക്കുടയില്‍
നുണക്കുഴികള്‍ തീര്‍ത്ത്,
കുണുങ്ങി കുണുങ്ങി പെയ്യവേ
അത്ഭുതമായിരുന്നു ..;
ആലിപ്പഴം പൊഴിക്കുന്ന
കൌതുകമായിരുന്നു ...!

മഴയെ അത്രയേറെ സ്നേഹിച്ചത്
അന്നായിരുന്നു,
അവളെനിക്ക്
മഴയല്ലാതെ മറ്റാരുമല്ലെന്ന്
തിരിച്ചറിഞ്ഞ ദിവസങ്ങളില്‍ ...!

ജീവിതം മഴ പോലെ പെയ്യില്ലെന്നും
പുഴ പോലെ ഒഴുകില്ലെന്നും
തിരിച്ചറിഞ്ഞ കാലത്ത്,
വഴിമുടക്കാന്‍ പെയ്ത മഴയെ
ശപിച്ചു പോയിട്ടുണ്ട്,
"ഈ നശിച്ച മഴ!"

ശ്വാസവേഗങ്ങള്‍ക്ക് കൂട്ടായവളെ,
ഇടിവെട്ടിച്ച്,
ഇത്രയേറെ ഭയപ്പെടുത്തിയ മഴയോട്,
ഗാഡാലിംഗനങ്ങളുടെ ഇടവേളകളില്‍
കണ്ണിറുക്കിക്കാണിച്ച്
നന്ദി പറഞ്ഞിട്ടുമുണ്ട് ...!

മഴവില്ലിന്‍റെ നാട്ടിലേക്ക്
ആദ്യമവള്‍ യാത്രയായപ്പോള്‍,
സാന്ത്വനിപ്പിക്കാന്‍ പെയ്ത മഴ,
മേഘവീഥികളിലേക്ക്
എന്നെയും ക്ഷണിക്കുകയാണോ ?

ഓരോ മഴവില്ലിനൊപ്പവും
അവള്‍ തെളിയാറുണ്ട്..!
ഇപ്പോഴും,
എന്‍റെ സ്നേഹത്താല്‍
ആ കണ്ണുകള്‍ നിറയാറുമുണ്ട്...!

നീയെന്‍റെ മഴ,
മഴയല്ലാതെ നീയെനിക്ക്
മറ്റാരാണ്‌?

2 comments:

  1. The nostalgic rain.. The tears may b hides by the rain...!

    ReplyDelete
  2. കവിത നന്നായിട്ടുണ്ട് ...
    മഴയെ ഹൃയതിനോടു ചേർത്ത് പിടിക്കാത്ത മനുഷ്യരില്ലാ
    മഴയെ ലാളിച്ചു കവിത കുരിക്കാത്ത കവികളും ഉണ്ടാകില്ലാ
    ഇവിടെ കവിയുടെ മനസ്സ് ഓല തുമ്പിലൂടെ ഇറ്റ്‌ വീഴുന്ന ചെറുമണി വജ്ര ശോഭയുള്ള മഴതുള്ളി കളെ
    ത്തി കുളിക്കുന്ന കുഞ്ഞു മനസ്സ് പോലെ പരിഭവവും സ്നീഹവും നല്ക്കുന്ന ....

    ReplyDelete