Tuesday, November 30, 2010

കലണ്ടര്‍



         


നിറങ്ങളും നിറഭേദങ്ങളും നിറഞ്ഞ
ഏദന്‍ തോട്ടങ്ങളെക്കുറിച്ചറിയുന്നതിന്
ഏറെ മുന്‍പ്‌ ,
ചുവന്നും കറുത്തും മാത്രമിരുന്ന
അക്കങ്ങളെ കിനാകണ്ട്
ഗര്‍ഭപാത്രത്തിന്‍റെ
കറുത്ത ചുവരുകളില്‍ നോക്കി
അവന്‍ ചുരുണ്ട് കിടന്നു.

വലിയ വേദനയുടെ,
ചെറിയ കരച്ചിലിന്റെ അകമ്പടിയോടെ
ഒരു കറുത്ത അക്കത്തില്‍
അവന്‍ വെളുത്ത ആകാശം കണ്ടു.

സ്ലേറ്റിലെ വെളുത്ത അക്കങ്ങളെ
കടലാസിലെ നീല കണക്കുകളാക്കി മാറ്റിയ
സമയമാപിനികളെ,
മഴയെ തന്നില്‍ നിന്നും അകറ്റിയ
ഓട്ടു മേല്ക്കൂരയ്ക്കു കീഴെ നിന്ന്
അവന്‍ വെറുത്തു.

ചുവന്ന അക്കങ്ങള്‍......;
മരണം കാത്തു കിടന്ന ശലഭത്തിനു
പുഷ്പശയ്യയൊരുക്കി,
മഴവില്‍ നിറങ്ങള്‍ കലങ്ങി ഒലിച്ച
വെളുപ്പില്‍ കുളിച്ച്,
സ്വപ്നങ്ങളെയും സ്വപ്നഭംഗങ്ങളെയും മറന്ന്,
കൂടിനുള്ളില്‍ ചുവന്ന അക്കങ്ങള്‍ക്കായി
അവന്‍ തപസ്സിരുന്നു.

പ്രണയവും വിരഹവും സന്ധ്യയും കുങ്കുമവും
ചുംബനവും ചുവപ്പായിരുന്നു.

പ്രക്ഷുബ്ദമായ വേനലിലൊരു നാള്‍,
താളുകളിലെ ചുവപ്പും കറുപ്പും
കണ്ണുപൊത്തിക്കളി തുടങ്ങി.

ഉച്ച്സൂര്യന്റെ വെളിച്ചത്തില്‍
വീണ്ടും മരീചികകള്‍,
കണ്ടും കാണാതെയും!

തണുത്ത മണല്‍ വിരിപ്പില്‍
കറുത്ത കടലും നോക്കി നില്ക്കുമ്പോള്‍,
ആയുസ്സിന്റെ ചുവപ്പ് കുത്തിയൊലിച്ച്
അവസാനത്തെ അസ്തമയം തീര്‍ത്തു .

No comments:

Post a Comment