Monday, June 21, 2010

........പറയാതെ പോയവള്‍ക്കായ്.........

പഞ്ചമി ചന്ദ്ര, നുറഞ്ഞു പോയ്‌, നെഞ്ചിലെ-
ച്ചെങ്കനല്‍ ചിന്തിന്‍ ചുടു കുഴിയില്‍...;
നിന്‍ കിളിക്കൊഞ്ചലും മാഞ്ഞു, വെന്നുള്ളിലെ
മണ്‍ ചിരാതിന്‍ നിലാക്കണ്ണടഞ്ഞു ...!

പഴിയായിയെങ്കിലുമൊരു വാക്കു മിണ്ടുമോ,
പഴയ കാലത്തിന്‍റെ കൂട്ടുകാരീ..?
പടവാളു പോ, ലെന്നിലുരയുന്നു, നിന്‍റെയീ ,
പറയാതെ വയ്ക്കും പരിഭവങ്ങള്‍...!

നേത്രശരമെയ്തിടഞ്ഞ ക്ലാസ്‌ റൂമിലെ,
നേര്‍ത്ത നിശബ്ദ നിമിഷങ്ങളില്‍..;
ഒളികണ്ണു കാണുമീ ശൂന്യത, ശൂന്യത-
യെന്നെ വിഴുങ്ങുന്നു നിഷ്കരുണം..!

തമ്മിലറിഞ്ഞോ അറിയാതെയോ, വാക്കു
തമ്മിലുര, ഞ്ഞിട വേളകളില്‍..,
ഇടിവാളു പോലെന്നിലുലയു, മേകാന്തമി-
ച്ചിമിഴില്‍, ഞാനെന്നിലൊളിച്ചിരിപ്പൂ..!

കളി പറഞ്ഞീ കുറുമ്പൊന്നു കാണാന്‍
കണ്ണില്‍ നോക്കി ഞാന്‍ നിന്ന നിലാവുകളില്‍..,
കരിമഷി തൂവുന്നു മൂവന്തി, യിടനെഞ്ചി-
ലിരുളുന്നു സന്ധ്യതന്‍ മേഘകാന്തി..!

പറയാന്‍ തുടിച്ചതേ കേള്‍ക്കാന്‍ കൊതിച്ചതെ-
ന്നറിയാതെ, പറയാത്ത രാവുകളില്‍..,
പറയുവാനൂര്‍ന്നെത്ര വാക്കുകള്‍, തൊണ്ടതന്‍
മുള്‍പ്പടര്‍പ്പില്‍ മൌനമായ്‌ കുരുങ്ങി...!

കൂട്ടരെ മുന്നില്‍ വി, ട്ടീ വരവും കാത്തു
കാത്തേറെ നിന്ന വരാന്തകളില്‍..,
ഞാനു , മെന്‍ നെഞ്ചിലമരുമീ പൂക്കളു-
മുള്ളില്‍ തഴുതിട്ട മോഹങ്ങളും..;

കൈകള്‍ കോര്‍ത്തില്ല നാ, മെങ്കിലും ചിന്തകള്‍
കോര്‍, ത്തേറെ നീണ്ട വഴിയരികില്‍..,
എന്നെ കടന്നു പോം പുലരിയും, പലകുറി-
യൊന്നായ്‌ തഴുകിയ വെയിലൊളിയും..,

അതിരറ്റു കാത്തിരിക്കുന്നു, നീയെവിടെയെ-
ന്നുയിരുറ്റ പിന്‍ നിലാ കൂട്ടുകാരീ...?
എവിടെയെന്‍ വാക്കുകളിടറി, യെന്‍ നോട്ട-
മതെവിടെ പിഴച്ചു, വെന്നോര്‍മ്മകളെ ..?

അലയാഴിയില്‍ ഞാനിനി തനിച്ചാകുന്നു, കാലമാം
തേരില്‍ നീ കയറുന്നു, പൊയ്ക്കളഞ്ഞു..!
പറയാതെ, യെന്‍ പിഴയെന്തെന്നു പറയാതെ,
പടിവാതില്‍ ചാരാതെ പോയ്‌ മറഞ്ഞു..

No comments:

Post a Comment